കേരളത്തിലെ നഗരങ്ങളിൽ തൃശൂർ മുന്നിലെത്തി! Oxford Economics 2026 Global Cities Index-ൽ തൃശൂർ 477-ാം സ്ഥാനത്ത്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളുടെ റാങ്കും വിശദാംശങ്ങളും അറിയാം.

ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ 2026 ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്ക് നേടിയ നഗരമായി തൃശൂർ. ലോകത്തെ 163 രാജ്യങ്ങളിലെ 1000 നഗരങ്ങളെ വിലയിരുത്തിയ പട്ടികയിലാണ് തൃശൂർ 477-ാം സ്ഥാനത്തും കേരളത്തിലെ ഒന്നാം സ്ഥാനത്തും എത്തിയത്. 489-ാം സ്ഥാനത്തുള്ള കൊച്ചിയെയും 499-ാം സ്ഥാനത്തുള്ള കോഴിക്കോടിനെയും മറികടന്നാണ് തൃശൂർ കേരളത്തിലെ ഒന്നാം സ്ഥാനത്തെത്തിയത്. ജീവിതനിലവരം, പരിസ്ഥിതി, സാമ്പത്തിക പ്രകടനം തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച സ്കോറുകളാണ് തൃശൂരിന്റെ മുന്നേറ്റത്തിന് പ്രധാനമായും വഴിയൊരുക്കിയത്.
കേരളത്തിലെ മറ്റ് നഗരങ്ങളിൽ കൊല്ലം 623-ാം സ്ഥാനത്തും തിരുവനന്തപുരം 624-ാം സ്ഥാനത്തുമാണ്. കോട്ടയം 696-ാം സ്ഥാനത്തും കണ്ണൂർ 772-ാം സ്ഥാനത്തുമെത്തി. ഇതോടെ കേരളത്തിൽനിന്ന് ഏഴ് നഗരങ്ങളാണ് ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ ആഗോള നഗര സൂചികയിൽ ഇടം നേടിയത്.
സംസ്ഥാനത്തിന്റെ പ്രധാന വാണിജ്യ-വ്യവസായ കേന്ദ്രമായ കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ തൃശൂരിന്റെ റാങ്കിങ് ശ്രദ്ധേയമാണ്. വലിയ വ്യാവസായിക അടിത്തറ, തിരക്കേറിയ തുറമുഖം, വിപുലമായ ബിസിനസ് അന്തരീക്ഷം എന്നിവയുള്ള കൊച്ചിക്ക് മനുഷ്വിഭവശേഷി വിഭാഗത്തിൽ തൃശൂരിനേക്കാൾ മികച്ച പ്രകടനമാണുള്ളത്.
വിദ്യാഭ്യാസ നിലവാരം, സർവകലാശാലകളുടെ സാന്നിധ്യം, ജനസംഖ്യാ പ്രവണതകൾ, കോർപ്പറേറ്റ് ആസ്ഥാനങ്ങൾ, വിദേശജനസംഖ്യയുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യവിഭവശേഷി വിഭാഗത്തിൽ പരിഗണിക്കുന്നത്.
എന്നാൽ സൂചികയിലമറ്റ് നാല് വിഭാഗങ്ങളിലും തൃശൂർ കൊച്ചിയെക്കാൾ ഉയർന്ന സ്കോർ നേടി. സാമ്പത്തിക വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തൃശൂർ, പ്രത്യേകിച്ച് ജീവിതനിലവാരത്തിലും പരിസ്ഥിതിയിലും കൊച്ചിയെക്കാൾ ശ്രദ്ധേയമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
നഗരത്തിലെ ജീവിതനിലവാരം വിലയിരുത്തുമ്പോൾ വരുമാനത്തിലെ സമത്വം, വ്യക്തിഗത വരുമാനം, ഭവനച്ചെലവ്, ആയുർദൈർഘ്യം, കുറ്റകൃത്യങ്ങളുടെ തോത്, വിനോദ-സാംസ്കാരിക സൗകര്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളാണ് പരിഗണിക്കുന്നത്. നഗരവാസികളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ഇത്തരം മാനദണ്ഡങ്ങളിൽ തൃശൂർ നേടിയ മികച്ച സ്കോറാണ് മൊത്തത്തിലുള്ള റാങ്കിങ്ങിലും പ്രതിഫലിച്ചത്.
വായുവിന്റെ ഗുണനിലവാരം, മലിനീകരണവുമായി ബന്ധപ്പെട്ട പുറന്തള്ളൽ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തുടങ്ങിയ ഘടകങ്ങളാണ് പരിസ്ഥിതി വിഭാഗത്തിൽ പ്രധാനമായും വിലയിരുത്തുന്നത്. ഈ വിഭാഗത്തിലും തൃശൂർ കൊച്ചിയെ പിന്നിലാക്കി.
നഗരങ്ങളുടെ വളർച്ച വിലയിരുത്തുമ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി സാഹചര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സമീപനമാണ് സൂചികയിലൂടെ കാണുന്നത്. അതുകൊണ്ടുതന്നെ നഗരജീവിതത്തിന്റെ ഗുണനിലവാരവും പരിസ്ഥിതി സാഹചര്യങ്ങളും ഒരുമിച്ച് പരിഗണിക്കുന്ന ഈ റാങ്കിങ് നഗരവികസനത്തെ വിലയിരുത്തുന്നതിനുള്ള മറ്റൊരു കാഴ്ചപ്പാടും നൽകുന്നു.
സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണസംവിധാനം എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളാണ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ നഗരങ്ങളെ വിലയിരുത്താൻ ഉപയോഗിക്കുന്നത്.
ഇതിൽ ഏറ്റവും ഉയർന്ന 30 ശതമാനം വെയിറ്റേജാണ് സാമ്പത്തിക വിഭാഗത്തിന് നൽകിയിരിക്കുന്നത്. മനുഷ്യവിഭവശേഷിക്കും ജീവിതനിലവാരത്തിനും 25 ശതമാനം വീതവും പരിസ്ഥിതിക്കും ഭരണസംവിധാനത്തിനും 10 ശതമാനം വീതവുമാണ് വെയിറ്റേജ്നിർണയം.
ഓരോ വിഭാഗത്തിലെയും വിവിധ സൂചകങ്ങളിൽ നഗരങ്ങൾ കൈവരിക്കുന്ന പ്രകടനം ആദ്യം ഏകീകരിച്ച സ്കോറുകളാക്കി മാറ്റുന്നു. ഓരോ സൂചകത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരത്തിന് 100 പോയിന്റും ഏറ്റവും താഴ്ന്ന പ്രകടനമുള്ള നഗരത്തിന് പൂജ്യം പോയിന്റുമാണ് ലഭിക്കുക. തുടർന്ന് ഓരോ വിഭാഗത്തിലെയും സ്കോറുകൾ സംയോജിപ്പിച്ച്, നിശ്ചയിച്ച ഭാരനിർണയം അനസരിച്ചാണ് നഗരത്തിന്റെ അന്തിമ സ്കോർ കണക്കാക്കുന്നത്.
ഇന്ത്യൻ നഗരങ്ങളിൽ ഡൽഹിയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ളത്. ആഗോള പട്ടികയിൽ ഡൽഹി 268-ാം സ്ഥാനത്താണ്. ബെംഗളൂരു 311-ാം സ്ഥാനത്തും മുംബൈ 330-ാം സ്ഥാനത്തും ചെന്നൈ 381-ാം സ്ഥാനത്തും ഹൈദരാബാദ് 421-ാം സ്ഥാനത്തും പൂനെ 427-ാം സ്ഥാനത്തുമെത്തി.
496-ാം സ്ഥാനത്തുള്ള കൊൽക്കത്ത കേരളത്തിലെ ആദ്യ മൂന്ന് നഗരങ്ങൾക്ക് സമീപമായാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽനിന്ന് 90-ലധികം നഗരങ്ങളാണ് ഇത്തവണത്തെ ആഗോള നഗര സൂചികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ എണ്ണത്തിൽ ചൈനയ്ക്ക് മാത്രമാണ് ഇന്ത്യയെക്കാൾ കൂടുതൽ നഗരങ്ങളുള്ളത്.
ആഗോളതലത്തിൽ ന്യൂയോർക്ക് തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി,. ലണ്ടനും പാരീസുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
നഗരങ്ങളുടെ സാമ്പത്തിക പ്രകടനത്തിനൊപ്പം അവിടുത്തെ ജീവിതനിലവാരം, മനുഷ്യവിഭവശേഷി, പരിസ്ഥിതി, ഭരണസംവിധാനം തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് നഗരങ്ങളെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ നഗരങ്ങളുടെ റാങ്കിങ് സംസ്ഥാനത്തെ നഗരവികസനത്തിന്റെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

