വിലകൂടിയ ഫർണിച്ചറും മനോഹരമായ പെയിന്റും ഉണ്ടായിട്ടും വീട് ഭംഗിയില്ലാതെ തോന്നുന്നുണ്ടോ? കാരണം ഈ 5 ഇന്റീരിയർ പിഴവുകളാകാം. വീടിന്റെ ഭംഗിയും സൗകര്യവും കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

പുതിയ വീട് ഒരുക്കുമ്പോഴും നിലവിലുള്ള വീടിന്റെ ഇന്റീരിയർ പുതുക്കുമ്പോഴും ഭംഗിക്ക് വലിയ പ്രാധാന്യമാണ് നൽകാറുള്ളത്. മനോഹരമായ ഫർണിച്ചറുകളും ആകർഷകമായ നിറങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം തിരഞ്ഞെടുക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകാം. എന്നൽ ഇത്തരം പിഴവുകൾ വീടിന്റെ മൊത്തത്തിലുള്ള ഭംഗിയെയും താമസിക്കുന്നവരുടെ സൗകര്യത്തെയും ബാധിച്ചേക്കാം. ഇന്റീരിയർ കൂടുതൽ മനോഹരവും ക്രമവുമുള്ളതുമാക്കാൻ ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ അറിയാം.
മുറിയുടെ നടുവിൽ ഒരു വലിയ സീലിങ് ലൈറ്റ് സ്ഥാപിച്ചാൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുമെന്ന ധാരണ ശരിയല്ല. പ്രത്യേകിച്ച് ലിവിങ് റൂം, ബെഡ്റൂം തുടങ്ങിയ ഇടങ്ങളിൽ ഒരേയരു ലൈറ്റിൽ നിന്നുള്ള വെളിച്ചം മുറിക്ക് ഏകതാനമായ രൂപം നൽകാം. പകരം, പ്രധാന ലൈറ്റിനൊപ്പം വായനയ്ക്കുള്ള ലാമ്പുകൾ, വാൾ ലൈറ്റുകൾ, കോവ് ലൈറ്റിങ് തുടങ്ങിയവ കൂടി ആവശ്യാനുസരണം ഉൾപ്പെടുത്താം. ഓരോ ഭാഗത്തിനും അനുയോജ്യമായ വെളിച്ചം ലഭിക്കുന്നതോടൊപ്പം മുറിയുടെ അന്തരീക്ഷവും കൂടുതൽ ആകർഷകമാകും.
വീട്ടിലെ ചെറിയ സാധനങ്ങൾ പോലും അലക്ഷ്യമായി ചിതറിക്കിടക്കുന്നത് ഇന്റീരിയറിന്റെ ഭംഗി കുറയ്ക്കും. താക്കോലുകൾ, ബില്ലുകൾ, റിമോട്ടുകൾ, മേശപ്പുറത്തെ മറ്റ് ഉപയോഗസാധനങ്ങൾ എന്നിവയ്ക്ക് നിശ്ചിത ഇടമില്ലെങ്കിൽ വീട് എപ്പോഴും അലങ്കോലമായി തോന്നാം ഓരോ മുറിയിലും ആവശ്യത്തിനനുസരിച്ച് സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കുന്നതാണ് ഇതിന് പരിഹാരം. പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിലും മറ്റുള്ളവ കാഴ്ചയിൽപ്പെടാത്ത രീതിയിലും സൂക്ഷിക്കാം.
ഫർണിച്ചറുകളും ഫ്ലോറിങ്ങും മനോഹരമായി ഒരുക്കിയാലും ചുവരുകൾ തീർത്തും ഒഴിഞ്ഞുകിടക്കുന്നത് ചില മുറികൾക്ക് അപൂർണമായ ഭാവം നൽകാം. ചുവരിന്റെ വലുപ്പത്തിനും മുറിയുടെ നിറങ്ങൾക്കും അനുയോജ്യമായ പെയിന്റിങ്, ഫോട്ടോ ഫ്രെയിമുകൾ, ആർട്ട് വർക്കുകൾ എന്നിവ ഉപയോഗിച്ച് ഈ ഭാഗങ്ങൾ ആകർഷകമാക്കാം. എന്നാൽ ലഭ്യമായ എല്ലാ ചുവരുകളിലും അലങ്കാരങ്ങൾ സ്ഥാപിക്കേണ്ടതില്ല. പ്രധാനപ്പെട്ട ഒന്നോ രണ്ടോ ഭാഗങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യുന്നതാണ് കൂടുതൽ ഭംഗി നൽകുക.
കാണാൻ ഭംഗിയുള്ളതാണെന്ന കാരണത്താൽ ഓരോ ഷെൽഫിലും മേശപ്പുറത്തും അലങ്കാര വസ്തുക്കൾ നിറയ്ക്കുന്നത് നല്ല ഇന്റീരിയറിന്റെ ലക്ഷണമല്ല. ഇത്തരം അമിതമായ അലങ്കാരങ്ങൾ മുറിയെ തിരക്കേറിയതും ഇടുങ്ങിയതുമായി തോന്നിപ്പിക്കാം. തിരഞ്ഞെടുക്കുന്ന അലങ്കാര വസ്തുക്കൾക്ക് ആവശ്യത്തിന് ഇടം നൽകുകയും അവയുടെ ഭംഗി എടുത്തുകാണിക്കുന്ന രീതിയിൽ ക്രമീകരിക്കുകയും വേണം. ഒഴിഞ്ഞ പ്രതലങ്ങളും തുറന്ന ഇടങ്ങളും ഇന്റീരിയറിന്റെ ഭാഗമാണെന്ന കാര്യം മറക്കരുത്.
ഷോപ്പിൽ കാണുമ്പോൾ മനോഹരമായി തോന്നുന്ന ഫർണിച്ചർ വീട്ടിലെത്തുമ്പോൾ അനുയോജ്യമാകണമെന്നില്ല. മുറിയുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ അമിതമായി വലുപ്പമുള്ള സോഫയോ കട്ടിലോ വാർഡ്രോബോ തിരഞ്ഞെടുക്കുന്നത് സഞ്ചാരത്തിനുള്ള ഇടം കുറയ്ക്കും. അതുപോലെ വളരെ ചെറിയ ഫർണിച്ചറുകൾ മുറിയുടെ മൊത്തത്തിലുള്ള ക്രമീകരണത്തിലും അസന്തുലിതാവസ്ഥ സൃഷ്ടിക്കാം. ഫർണിച്ചർ വാങ്ങുന്നതിന് മുൻപ് മുറിയുടെ നീളവും വീതിയും അളക്കുന്നതിനൊപ്പം വാതിലുകൾ തുറക്കാനും നടക്കാനും ആവശ്യമായ സ്ഥലം കൂടി കണക്കിലെടുക്കണം.
വീട് മനോഹരമാക്കാൻ വിലകൂടിയ ഇന്റീരിയർ സാധനങ്ങൾ വാങ്ങണമെന്നില്ല. ലഭ്യമായ സ്ഥലവും വെളിച്ചവും ആവശ്യങ്ങളും മനസ്സിലാക്കി ഓരോ കാര്യവും കൃത്യമായി ക്രമീകരിച്ചാൽ തന്നെ വീടിന് കൂടുതൽ ആകർഷകമായ രൂപം നൽകാം. അലങ്കാരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഭംഗിക്കൊപ്പം ഉപയോഗസൗകര്യത്തിനും പ്രാധാന്യം നൽകുന്നതാണ് നല്ല ഇന്റീരിയറിന്റെ അടിസ്ഥാനം.
ഒരേയൊരു ലൈറ്റിൽ മുറി മുഴുവൻ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്, സാധനങ്ങൾക്ക് കൃത്യമായ സ്റ്റോറേജ് ഒരുക്കാതിരിക്കുന്നത്, ചുവരുകളുടെ അലങ്കാരം അവഗണിക്കുന്നത്, അലങ്കാര വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത്, മുറിയുടെ അളവുകൾ പരിഗണിക്കാതെ ഫർണിച്ചർ വാങ്ങുന്നത് എന്നിവ വീടിന്റെ ഭംഗി കുറയ്ക്കാം.

