കേരളത്തിലെ ആദ്യ റിയൽ എസ്റ്റേറ്റ് IPOയുമായി വീഗാലാൻഡ് ഡവലപ്പേഴ്സ്. ₹130–₹140 പ്രൈസ് ബാൻഡ്, 107 ഓഹരികളുടെ ലോട്ട്, സെപ്റ്റംബർ 10–15 IPO തീയതികൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ അറിയാം

കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനി ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപകനും ചെയർമാനുമായ വീഗാലാൻഡ് ഡവലപ്പേഴ്സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപന സെപ്റ്റംബർ 10ന് ആരംഭിക്കും. സെപ്റ്റംബർ 15നാണ് സമാപിക്കുന്നത്. ഒരു ഓഹരിക്ക് 130 രൂപ മുതൽ 140 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 210 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതേസമയം, ഓഹരി വിപണിയിലെത്തുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയാണിത്. വീ-ഗാർഡ് ഇൻഡസ്ട്രീസും വണ്ടർലയുമാണ് നേരത്തെ ഓഹരി വിപണിയിലെത്തിയ മറ്റ് രണ്ട് കമ്പനികൾ.
വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒയുടെ പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 130 രൂപ മുതൽ 140 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വില പരിധി അടിസ്ഥാനമാക്കി കമ്പനിയുടെ വിപണിമൂല്യം ഏകദേശം 682.5 കോടി രൂപയാകും.
ഐപിഒയിലൂടെ 210 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവിലള്ള പദ്ധതികളുടെ പൂർത്തീകരണത്തിനും പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക.. ഐപിഒയിലെ ഓഹരികളുടെ 50 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായി (QIB) മാറ്റിവച്ചിട്ടുണ്ട്. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ശേഷിക്കുന്ന 15 ശതമാനം സ്ഥാപനേതര നിക്ഷേപ സ്ഥാപനങ്ങൾക്കുമണ് (NII) നീക്കിവച്ചിരിക്കുന്നത്.
നിക്ഷേപകർക്ക് വീഗാലാൻഡ് ഡവലപ്പേഴ്സ് ഐപിഒയിൽ കുറഞ്ഞത് 107 ഓഹരികൾക്കാണ് അപേക്ഷിക്കാനാകുക. തുടർന്ന് 107ന്റെ ഗുണിതങ്ങളായി കൂടുതൽ ഓഹരികൾക്കായും അപേക്ഷിക്കാം.
അലോട്ട്മെന്റ് ലഭിക്കുന്ന നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് സെപ്റ്റംബർ 17ന് ഓഹരികൾ ക്രെഡിറ്റ് ചെയ്യും. ഓഹരികൾ ലഭിക്കാത്ത നിക്ഷേപകർക്ക് റീഫണ്ടും ഇതേ ദിവസം നൽകും. സെപ്റ്റംബർ 18ന് വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഐപിഒയ്ക്ക് മുന്നോടിയായി വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾ ഗ്രേ മാർക്കറ്റിലും ശ്രദ്ധ നേടുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഐപിഒ വിലയേക്കാൾ 14 അധികം കൊടുത്ത് വാങ്ങാൻ നിലവിൽ തിരക്കുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരമാവധി ഐപിഒ വിലയായ 140 രൂപ കണക്കാക്കിയാൽ, 14 രൂപയുടെ GMP നിലനിൽക്കുകയാണെങ്കിൽ ലിസ്റ്റിങ് വില ഏകദേശം 154 രൂപയിലെത്താനുള്ള സാധ്യതയാണുള്ളത്. അതുവഴി ഐപിഒ വിലയിൽ നിന്ന് ലിസ്റ്റിങ് നേട്ടത്തിനുള്ള സാധ്യതയുണ്ടെന്ന സൂചനയാണ് ഗ്രേ മാർക്കറ്റ് നൽകുന്നത്. എന്നാൽ GMP ഔദ്യോഗിക വിപണി സൂചികയല്ല. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഇത് മാറുന്നതിനാൽ യഥാർഥ ലിസ്റ്റിങ് വില GMP അടിസ്ഥാനമാക്കി ഉറപ്പാക്കാനാകില്ല.
വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ ഐപിഒയുടെ മറ്റൊരു പ്രധാന സവിശേഷത നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫർ-ഫോർ-സെയിൽ (OFS) ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്.
ഐപിഒ പൂർണമായും ഫ്രഷ് ഇഷ്യൂവാണ്. ഇതിലൂടെ ഐപിഒ വഴി സമാഹരിക്കുന്ന തുക മുഴുവൻ കമ്പനിയുടെ തന്നെ വികസന ആവശ്യങ്ങൾക്കായി ലഭിക്കും.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള ഒരു കമ്പനി ആദ്യമായി ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തുന്നതോടെ, വീഗാലാൻഡ് ഡവലപ്പേഴ്സിന്റെ വിപണി പ്രവേശനം കമ്പനിക്ക് മാത്രമല്ല, സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വ്യവസായത്തിനും ശ്രദ്ധേയമായ നീക്കമായി മാറുകയാണ്

