കേരള സർക്കാരിന്റെ പേൾ പോർട്ടൽ വഴി ഭൂമിയുടെ ന്യായവില അറിയാനും, ടോക്കൺ ബുക്ക് ചെയ്യാനും, ബാധ്യതാ സർട്ടിഫിക്കറ്റ് എടുക്കാനും, ഇ-സ്റ്റാമ്പിംഗ് നടത്താനും ഇനി വീട്ടിലിരുന്നു മതി.

കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ നട്ടെല്ലാണ് രജിസ്ട്രേഷൻ വകുപ്പ്. വസ്തുവകകളുടെ കൈമാറ്റം നിയമപരമായി സുരക്ഷിതമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സുതാര്യമായ സേവനങ്ങൾ ഉറപ്പുവരുത്തുക എന്നതും ഈ വകുപ്പിന്റെ ലക്ഷ്യമാണ്. ഒരു വസതു വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ രജിസ്ട്രേഷൻ വകുപ്പിന്റെ പ്രധാനപ്പെട്ട സേവനങ്ങൾ എല്ലാം നമ്മൾ അറിഞ്ഞിരിക്കണം.
ആധുനിക കാലത്ത് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാൻ 'പേൾ' (PEARL) എന്ന ഓൺലൈൻ പോർട്ടൽ വലിയ പങ്കുവഹിക്കുന്നുണ്ട്. www.keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ പല സേവനങ്ങളും പ്രയോജനപ്പെടുത്താം. ഭൂമി വാങ്ങുന്നവർക്കും വിൽക്കന്നവർക്കും പേൾ പോർട്ടൽ എങ്ങനെ സഹായകമാകുന്നു എന്ന് നോക്കാം.
ഭൂമിയുടെ ന്യായവില കണ്ടെത്താം
വസ്തുവിന്റെ വിസ്തീർണ്ണവും സവിശേഷതകളും അനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവില ഈ പോർട്ടലിലൂടെ സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കും. മുദ്രപ്പത്രവില കണക്കാക്കാൻ ഇത് അത്യാവശ്യമാണ്.
ഓൺലൈൻ ടോക്കൺ ബുക്കിംഗ്
രജിസ്ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസിൽ എപ്പോൾ എത്തണം എന്ന് മുൻകൂട്ടി നിശ്ചയിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. 'ടൈം സ്ലോട്ട്' ഓൺലൈനായി ബുക്ക് ചെയ്യുന്നതിലൂടെ ഓഫീസുകളിലെ അനാവശ്യ തിരക്കും കാത്തിരിപ്പും ഒഴിവാക്കാം.
ഒരു വസ്തുവിൽ മുൻകാലങ്ങളിൽ നടന്നിട്ടുള്ള ഇടപാടുകൾ അറിയാനുള്ള ബാധ്യതാ സർട്ടിഫിക്കറ്റിനായി ഓൺലൈനായി അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പേൾ വഴി സാധിക്കും
വലിയ തുകയുടെ മുദ്രപ്പത്രങ്ങൾ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇ-സ്റ്റാമ്പിംഗ് സൗകര്യം പേൾ പോർട്ടലിൽ ലഭ്യമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾക്ക് ഇത് നിർബന്ധമാണ്.
രജിസ്ട്രേഷന് ആവശ്യമായ മുദ്രപ്പത്ര വിലയും രജിസ്ട്രേഷൻ ഫീസും വസ്തുവിന്റെ ഫെയർ വാല്യൂവും എത്രയാണെന്ന് പോർട്ടലിലൂടെ കൃത്യമായി കണക്കാക്കാനും നെറ്റ് ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഇ-പേയ്മെന്റ് നടത്താനും സാധിക്കും.
രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ പകർപ്പുകൾക്കായി ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും പേൾ പോർട്ടൽ നൽകുന്നുണ്ട്.
വസ്തു ഇടപാടുകൾ നടത്തുമ്പോൾ കൃത്യമായ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വകുപ്പിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്. സംശയങ്ങൾക്കും പരാതികൾക്കുമായി തിരുവനന്തപുരത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഓഫീസസുമായോ. പേൾ ഹെല്പ് ഡസ്കിന്റെ 04712703423, 8547344357 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. ഓരോ താലൂക്കിലും ലഭ്യമായ സബ് രജിസ്ട്രാർ ഓഫീസുകളുടെ ഫോൺ നമ്പറുകൾ വെബ്സൈറ്റിലെ 'Contact Us' വിഭാഗത്തിൽ ലഭ്യമാണ്.
ചുരുക്കത്തിൽ ഇടനിലക്കരുടെ സഹായമില്ലാതെ തന്നെ പൊതുജനങ്ങൾക്ക് രജിസ്ട്രേഷൻ സംബന്ധമായ മിക്ക കാര്യങ്ങളും സ്വയം ചെയ്യാൻ പ്രാപ്തരാക്കുന്നത് വഴി അഴിമതി കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും പേൾ സിസ്റ്റം വലിയ പങ്കുവഹിക്കുന്നുണ്ട്.

