താക്കോൽ എവിടെ? TV റിമോട്ട് കാണാനില്ലേ? പ്രധാന രേഖകൾ തിരഞ്ഞ് മടുത്തോ? ഓരോ സാധനത്തിനും സ്ഥിരമായൊരു സ്ഥലം നിശ്ചയിച്ചാൽ ഈ പ്രശ്നം കുറയ്ക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന 6 എളുപ്പവഴികൾ അറിയ

വീട്ടിൽ നിന്ന് അത്യാവശ്യമായി ഇറങ്ങാൻ നേരത്ത് താക്കോൽ കാണാനില്ല. TV കാണാനിരിക്കുമ്പോൾ റിമോട്ട് തിരഞ്ഞ് സമയം പോകുന്നു. അതിനിടയിൽ പ്രധാനപ്പെട്ട രേഖകൾ ആവശ്യമായി വന്നാൽ അവ എവിടെയാണ് വച്ചതെന്ന് ഓർമയുമില്ല. പല വീടുകളിലും പതിവായി സംഭവിക്കുന്ന ഈ പ്രശ്നങ്ങൾക്ക് കാരണം സാധനങ്ങൾ സൂക്ഷിക്കാൻ കൃത്യമായൊരു സ്ഥലം ഇല്ലാത്തതാണ്.
ഓരോ സാധനവും എവിടെ വേണമെങ്കിലും വയ്ക്കുന്ന ശീലം മാറ്റിയാൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. അതിനായി വലിയ ചെലവിൽ സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കേണ്ടതുമില്ല. വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ ഇതാ.
വീടിന്റെയും വാഹനത്തിന്റെയും താക്കോലുകൾ എവിടെയെങ്കിലും വച്ചിട്ട് തിരയുന്ന ശീലമുണ്ടോ? പ്രധാന വാതിലിനടുത്ത് ഒരു ചെറിയ കീ ഹോൾഡർ സ്ഥാപിക്കാം. ഓരോ താക്കോലിനും പ്രത്യേകം ഹുക്ക് നൽകിയാൽ തിരിച്ചറിയാനും എളുപ്പമാണ്. ഉപയോഗിച്ചശേഷം അതേ സ്ഥലത്ത് തൂക്കിവയ്ക്കുന്ന ശീലം വളർത്തിയാൽ അവസാന നിമിഷത്തെ തിരച്ചിൽ ഒഴിവാക്കാം. വളരെ കുറഞ്ഞ ചെലവിൽ കീഹോൾഡറുകൾ ഓൺലൈനിൽ ലഭ്യമാണ്. ചെറിയ ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ യൂട്യൂബ് വീഡിയോകൾ നോക്കി വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കും.
സോഫയുടെ അടിയിലും കുഷ്യനുകൾക്കിടയിലും കിടക്കയിലുമൊക്കെയായി റിമോട്ടുകൾ കാണാതാകാറുണ്ട്. ഇതിനായി സോഫയുടെ അരികിൽ വയ്ക്കാവുന്ന ചെറിയ റിമോട്ട് ഓർഗനൈസറോ ട്രേയോ ഉപയോഗിക്കാം. TV, AC, ഫാൻ എന്നിവയുടെ റിമോട്ടുകൾക്ക് പ്രത്യേകം ഇടം നൽകിയാൽ ആവശ്യമുള്ളത് പെട്ടെന്ന് കണ്ടെത്താം. കുട്ടികളുള്ള വീടുകളിൽ റിമോട്ടുകൾ അവരുടെ കൈയെത്തത്ത സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതാണ്.
വീടിന്റെ ആധാരം, നികുതി രസീതുകൾ, ഇൻഷുറൻസ് രേഖകൾ, ബാങ്ക് രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ആവശ്യമായി വരുന്ന സമയത്ത് കണ്ടെത്താനാകാതെ വിഷമിക്കുന്നവർ നിരവധിയാണ്. ഇവയെല്ലാം ഒരേ കവറിലോ അലമാരയിലോ കൂട്ടിയിടാതെ പ്രത്യേകം ലേബൽ ചെയ്ത ഫയലുകളിലായി സൂക്ഷിക്കുക. അതിനുള്ള ഫയൽ ഓർഗനൈസറുകളും ഓൺലൈനിൽ ലഭ്യമാണ്.
തെർമോമീറ്റർ, ബാൻഡേജ്, ഫസ്റ്റ് എയ്ഡ് സാധനങ്ങൾ തുടങ്ങിയവ വീട്ടിൽ എവിടെയൊക്കെയോ സൂക്ഷിച്ചാൽ ആവശ്യസമയത്ത് കണ്ടെത്താൻ ബുദ്ധിമുട്ടാകും. ഇവയ്ക്കായി പ്രത്യേകം ലേബൽ ചെയ്ത ബോക്സ് ഒരുക്കാം. മരുന്നുകൾ കുട്ടികൾക്ക് എത്താത്ത, നിർദേശിച്ച താപനിലയിൽ സൂക്ഷിക്കാവുന്ന സുരക്ഷിതമായ സ്ഥലത്ത് വയ്ക്കണം.
ഫോൺ ചാർജർ, ഇയർഫോൺ, പവർ ബാങ്ക് തുടങ്ങിയവയ്ക്ക് പ്രത്യേകം ബോക്സോ ഡ്രോയർ ഡിവൈഡറോ ഉപയോഗിക്കാം. ഓരോന്നും വേർതിരിച്ച് സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ തിരയേണ്ടിവരില്ല. ഉപയോഗിക്കാത്തതും കേടായതുമായ വയറുകൾ മാറ്റിവയ്ക്കുന്നതും ഡ്രോയർ അലങ്കോലമാകുന്നത് കുറയ്ക്കും.
വീട്ടിലെ എല്ലാ സാധനങ്ങൾക്കും പുതിയ ബോക്സുകൾ വാങ്ങേണ്ടതില്ല. ആദ്യം ഏറ്റവും കൂടുതൽ കാണാതാകുന്ന സാധനങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക. അതിനുശേഷം ആവശ്യത്തിന് മാത്രം കീ ഹോൾഡർ, റിമോട്ട് ട്രേ, ഡോക്യുമെന്റ് ഫയൽ തുടങ്ങിയവ വാങ്ങാം. ഓരോ സാധനത്തിനും സ്ഥിരമായൊരു സ്ഥലം നിശ്ചയിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഓരോ സാധനത്തിനും സ്ഥിരമായൊരു സ്ഥലം നിശ്ചയിക്കുകയും ഉപയോഗിച്ചശേഷം അതേ സ്ഥലത്ത് തിരിച്ചുവയ്ക്കുകയും ചെയ്യുന്നത് സാധനങ്ങൾ കാണാതാകുന്നത് കുറയ്ക്കാൻ സഹായിക്കും.

