വീട് നിർമ്മിക്കുമ്പോൾ കാഴ്ചാഭംഗി മാത്രം നോക്കിയാൽ പോരാ. അടുക്കളയിലെ കൗണ്ടർ ഉയരം, ഗോവണിപ്പടികളുടെ അളവ്, ഫർണിച്ചർ ക്രമീകരണം തുടങ്ങിയ ചെറിയ കാര്യങ്ങൾ ശരിയായി ചെയ്താൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി കൂട

ഒരു വീടിന്റെ മൂല്യം നിർണ്ണയിക്കുന്നത് അതിന്റെ വിസ്തീർണ്ണമോ പുറംമോടിയോ മാത്രമല്ല, മറിച്ച് ആ വീട് നൽകുന്ന സൗകര്യവും ആരോഗ്യകരമായ അന്തരീക്ഷവുമാണ്. എന്നാൽ നമ്മുടെ നാട്ടിൽ വീടുകൾ നിർമ്മിക്കുമ്പോൾ ഇത്തരത്തിലുള്ള
കാര്യങ്ങൾ പരിഗണിക്കുന്നത് വളരെ വിരളമാണ്. അതുകൊണ്ടുതന്നെ എന്താണ് 'എർഗണോമിക് ഡിസൈൻ' എന്ന് പുതുതായി വീട് നിർമ്മിക്കുന്ന ഓരോരുത്തരും വിശദമായി മനസ്സിലാക്കിയിരിക്കണം. ആധുനിക ഗൃഹനിർമ്മാണ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് 'എർഗണോമിക്സ്'. കേവലം കാഴ്ചാഭംഗിക്കപ്പുറം, വീടിനുള്ളിലെ ഓരോ ചലനവും ആയാസരഹിതമാക്കാനും താമസക്കാരുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നതാണ് ഈ ഡിസൈൻ.
ലളിതമായി പറഞ്ഞാൽ, മനുഷ്യന്റെ ശാരീരിക പ്രത്യേകതകൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ചുറ്റുപാടുകളെ ക്രമീകരിക്കുന്ന രീതിയാണിത്. വീട് നിർമ്മിക്കുമ്പോഴോ ഇന്റീരിയർ ഒരുക്കുമ്പോഴോ എർഗണോമിക്സ് തത്വങ്ങൾ പാലിക്കുന്നത് വഴി നടുവേദന, കഴുത്തുവേദന തുടങ്ങിയ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാനും ദൈനംദിന ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.
വീടിന്റെ ഹൃദയമായ അടുക്കളയിലാണ് എർഗണോമിക്സിന് ഏറ്റവും വലിയ സ്ഥാനമുള്ളത്. പാചകം ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിന് അനുസരിച്ചായിരിക്കണം കൗണ്ടർ ടോപ്പുകളുടെ നിർമ്മാണം. കൗണ്ടറിന്റെ ഉയരം അമിതമായാൽ തോളുകൾക്കും, കുറഞ്ഞുപോയാൽ നട്ടെല്ലിനും ആയാസമുണ്ടാകും. പാചകത്തിന് ഉപയോഗിക്കുന്ന സ്റ്റൗ, സിങ്ക്, ഫ്രിഡ്ജ് എന്നിവ ഒരു ത്രികോണാകൃതിയിൽ ക്രമീകരിക്കുന്നത് അനാവശ്യമായ നടത്തവും തളർച്ചയും ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, ഭാരമുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഷെൽഫുകൾ കുനിയാതെ എടുക്കാൻ പാകത്തിൽ മധ്യഭാഗത്തായി ക്രമീകരിക്കുന്നതാണ് ഉചിതം.
വീടിനുള്ളിലെ ഗോവണിപ്പടികൾക്ക് 15 മുതൽ 17 സെന്റിമീറ്റർ വരെ കയറ്റം നൽകുന്നതാണ് ഉചിതം. ഇതിൽ കൂടുന്നതോ കുറയുന്നതോ ആയ അളവുകൾ ഒരു ശരാശരി മനുഷ്യന് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കും. പഴയ വീടുകളിൽ പടികളുടെ കയറ്റം കൂടുതലായിരുന്നെങ്കിലും അന്ന് ആകെ 8 മുതൽ 10 പടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ വീടുകളുടെ സീലിംഗ് ഉയരം കണക്കിലെടുക്കുമ്പോൾ പടികളുടെ എണ്ണം കൂടുമെന്നതിനാൽ, ശരിയായ അളവ് പാലിച്ചില്ലെങ്കിൽ അത് വലിയ ശാരീരിക ആയാസത്തിന് കാരണമാകും. ഗോവണികളുടെ കൈപിടികൾ നിർമ്മിക്കുമ്പോൾ നമ്മുടെ കൈകളുടെ അളവ് കൂടി പരിഗണിച്ചില്ലെങ്കിൽ പ്രായമുള്ളവർക്ക് അവ ഉപയോഗിക്കാൻ പ്രയാസമായിരിക്കും.
ഗോവണികൾക്ക് താഴെയുള്ള ഇടം ടോയ്ലറ്റോ സ്റ്റോർ റൂമോ ആയി മാറ്റുമ്പോൾ വീട്ടുകാരുടെ ഉയരം കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. ഏതൊരു വാതിൽ കട്ടിളയ്ക്കും വീട്ടിലുള്ളവരുടെ ഉയരത്തേക്കാൾ കുറഞ്ഞത് 6 ഇഞ്ചെങ്കിലും അധിക ഉയരം ഉണ്ടായിരിക്കണം.
സാധാരണ സ്വിച്ചുകൾക്ക് നൽകുന്ന അതേ പ്രാധാന്യം മെയിൻ സ്വിച്ചിനും ഡിസ്ട്രിബ്യൂഷൻ ബോർഡിനും നൽകണം. പല വീടുകളിലും ഇവ അപ്രാപ്യമായ ഉയരത്തിൽ സ്ഥാപിക്കുന്നത് മൂലം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വീട്ടിൽ ഫർണിച്ചറുകൾ ക്രമീകരിക്കുമ്പോൾ നടക്കാനുള്ള വഴി തടസ്സപ്പെടുത്താത്ത രീതിയിൽ വേണം ഇടാൻ. പ്രത്യേകിച്ച് വാതിലുകൾക്ക് നേരെ വയ്ക്കുന്ന ഫർണിച്ചറുകൾക്ക് കൂർത്ത അറ്റങ്ങൾ ഒഴിവാക്കുന്നത് സുരക്ഷ ഉറപ്പാക്കും. കാഴ്ചയെ തെറ്റിക്കുന്ന രീതിയിൽ കണ്ണാടികൾ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം.
വീട്ടിൽ പ്രായമായവരോ ഭിന്നശേഷിക്കാരോ ഉണ്ടെങ്കിൽ അവർക്ക് അനുയോജ്യമായ ഉയരത്തിൽ ഹാൻഡ്റെയിലുകളും പിടികളും സ്ഥാപിക്കണം. നടക്കുമ്പോൾ തെന്നി വീഴാതിരിക്കാൻ റഫ് ടൈലുകൾ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.
ചുരുക്കത്തിൽ, കയ്യെത്തും ദൂരത്ത് സൗകര്യങ്ങൾ ഒരുക്കുകയും ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കണ്ട് അവ പരിഹരിക്കുകയും ചെയ്യുന്ന ഡിസൈൻ തത്വങ്ങളാണ് എർഗണോമിക്സിന്റെ അടിസ്ഥാനം. വീടിനുള്ളിലെ ഓരോ ചെറിയ കാര്യവും താമസക്കാരുടെ അളവുകൾക്കൊപ്പം ചേർന്നുനിൽക്കുമ്പോൾ മാത്രമാണ് അത് പൂർണ്ണമായ അർത്ഥത്തിൽ ഒരു സ്വപ്നവീടായി മാറുന്നത്.

