മഴക്കാലം വീടിന്റെ യഥാർത്ഥ നിലവാരം പരിശോധിക്കാൻ മികച്ച അവസരമാണ്. ചോർച്ച, വെള്ളക്കെട്ട്, ഡ്രെയിനേജ്, ബേസ്മെന്റ് സുരക്ഷ, ഡെവലപ്പറുടെ വിശ്വാസ്യത എന്നിവ വിലയിരുത്തി സുരക്ഷിതമായി വീട് വാങ്ങാം.

വീടോ കെട്ടിടമോ പണിയാൻ മഴക്കാലം ഒട്ടും അനുയോജ്യമല്ലെന്ന് നാം കേട്ടുപഴകിയ ഒന്നാണ്. മണ്ണിൽ വെള്ളം നിറയുന്നതും കോൺക്രീറ്റിംഗിലെ തടസ്സങ്ങളും ഇതിനൊരു കാരണമായി പലരും ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഒരു അപ്പാർട്ട്മെന്റോ വീടോ വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് റിയൽ എസ്റ്റേറ്റ് വിദഗ്ധർ നൽകുന്ന ഉപദേശം കേട്ടാൽ നിങ്ങൾ അമ്പരന്നേക്കാം—അവർ പറയുന്നത് ഈ മഴക്കാലം തന്നെയാണ് പ്രോപ്പർട്ടി സന്ദർശിക്കാൻ ഏറ്റവും അനുയജ്യമായ സമയം എന്നാണ്! വെയിൽ ചൂടിൽ ഉച്ചനേരത്ത് മനോഹരമായി തോന്നുന്ന പല നിർമ്മിതികളുടെയും ഉള്ളുകള്ളികൾ വെളിച്ചത്തുകൊണ്ടുവരാൻ ഒരു മഴപ്പെയ്ത്ത് തന്നെ വേണം. അതുകൊണ്ട് തന്നെ, ഒരു കെട്ടിടത്തിന്റെ യഥാർത്ഥ ഗുണനിലവാരം അളക്കാനുള്ള മികച്ച 'ടെസ്റ്റ് ഡ്രൈവ്' ആയി മഴക്കാലത്തെ കാണാം.
കേരളം അനുഭവിച്ച 2018-ലെ മഹാപ്രളയം വീടുവാങ്ങുന്നവർക്ക് നൽകിയ വലിയൊരു പാഠമുണ്ട്. കോടികൾ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ പോലും പ്രതികൂല കാലാവസ്ഥയിൽ നിസ്സഹായമാകുന്ന കാഴ്ച നാം കണ്ടതാണ്. പ്രീമിയം പ്രോജക്റ്റുകളിൽ പോലും ബേസ്മെന്റുകളിൽ വെള്ളം കയറുകയും ഡ്രെയിനേജ് സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്ത സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത് ഒന്നുമാത്രം. ലൊക്കേഷനും സൗകര്യങ്ങളും മാത്രം പോരാ, നിർമ്മാണത്തിന്റെ ശാസ്ത്രീയത കൂടി പരിശോധിക്കണം.
കനത്ത മഴയുള്ളപ്പോൾ അല്ലെങ്കിൽ മഴയ്ക്ക് തൊട്ടുപിന്നാലെ ഒരു പ്രോപ്പർട്ടി സന്ദർശിക്കാൻ മടിക്കരുത്. പുറംമോടികൾക്കപ്പുറം, ബേസ്മെന്റിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ, ചുവരുകളിൽ നനവ് പടരുന്നുണ്ടോ, ജനലുകൾ ചോരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുക. അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലെ ഡ്രെയിനേജ് സംവിധാനം എത്രത്തോളം കാര്യക്ഷമമാണെന്നും, പ്രവേശന കവാടങ്ങളിലും പാർക്കിങ് ഏരിയയിലും വെള്ളം കയറുന്നുണ്ടോ എന്നും നിരീക്ഷിക്കുക. ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ വലിയ അസൗകര്യങ്ങളും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
നേരിട്ടുള്ള പരിശോധനകൾക്കൊപ്പം തന്നെ പ്രധാനമാണ് അവിടെ താമസിക്കുന്നവരുമായുള്ള ആശയവിനിമയം. മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുന്നത് ഡെവലപ്പറെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകും. ഇത്തരം പരാതികൾ ഉയർന്നപ്പോൾ ഡെവലപ്പർ എത്ര വേഗത്തിൽ അത് പരിഹരിച്ചു എന്നതും അവരുടെ വിശ്വാസ്യത പരിശോധിക്കാനുള്ള ഒരു മാനദണ്ഡമാണ്. സൗകര്യങ്ങൾക്കും ലൊക്കേഷനും മാത്രം വില നൽകി വീട് വാങ്ങുമ്പോൾ, ആ നിർമ്മിതി നമ്മുടെ കാലാവസ്ഥയെ അതിജീവിക്കാൻ എത്രത്തോളം പ്രാപ്തമാണെന്ന് കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കെൽപ്പുള്ള ഒരു വീട് മാത്രമാണ് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്നത്.

